തെലങ്കാന ‘ഓപ്പറേഷൻ കമല’ കേസ്; സിബിഐക്ക് കൈമാറി തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ‘ഓപ്പറേഷൻ കമല’ ശ്രമത്തിന്‍റെ അന്വേഷണം തെലങ്കാന ഹൈക്കോടതി സിബിഐക്ക് കൈമാറി. ബിആർഎസിലെ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നത് ബിജെപിയുമായി ബന്ധപ്പെട്ടവർ ആണെന്നാണ് ഭരണകൂടത്തിന്‍റെ ആരോപണം.

നിരവധി രാഷ്ട്രീയ മാനങ്ങളുള്ള കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘത്തെ പിരിച്ചു വിടാനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ബിജെപി നേതാവും അഭിഭാഷകനുമായ രാം ചന്ദർ റാവു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു.

തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന ബിആർഎസിലെ 4 എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കോടിക്കണക്കിനു രൂപയുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 കോടി രൂപ നൽകി 4 എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവും കെസിആർ ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാർ എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.