വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ

വിമാന കമ്പനി വിസ്താരയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ഇൻഡോറിൽ ലാൻഡിംഗ് നടത്തുന്നതിനിടെ വീഴ്ച വരുത്തിയതിനാണ് പിഴ.

വിസ്താര അനുഭവപരിചയമില്ലാത്ത പൈലറ്റിനെയാണ് നിയമിച്ചിരുന്നതെന്ന് ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിമാനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയായെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

സിമുലേറ്ററിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത
ഫസ്റ്റ് ഓഫീസറായിരുന്നു വിസ്താരയുടെ പൈലറ്റ്. യാത്രക്കാരുമായി യഥാർത്ഥ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഫസ്റ്റ് ഓഫീസർമാർ സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കാത്ത ഫസ്റ്റ് ഓഫീസറെ ഇറക്കിയത് ഗുരുതരമായ പിശകാണെന്ന് ഡിജിസിഎ പറഞ്ഞു.