മണിപ്പൂരിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

മണിപ്പുർ: മണിപ്പൂരിൽ സംഘർഷാവസ്ഥയെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സ്പെഷ്യൽ സെക്രട്ടറി എച്ച് ഗ്യാൻ പ്രകാശാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചില സാമൂഹിക വിരുദ്ധർ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഇത് സാമുദായിക സംഘർഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങിൽ നാലുപേർ ചേർന്ന് ഒരു വാഹനത്തിന് തീയിട്ടു. ഇത് സാമുദായിക സംഘർഷം വർദ്ധിക്കാൻ ഇടയാക്കിയെന്ന് കാണിച്ച് വിഷ്ണുപൂർ ജില്ലാ പോലീസ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ രണ്ട് മാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്.

ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ വെള്ളിയാഴ്ച ദേശീയപാതകളിൽ അനിശ്ചിതകാല സാമ്പത്തിക ഉപരോധം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. മണിപ്പൂർ (ഹിൽ ഏരിയ) സ്വയംഭരണ ജില്ലാ കൗൺസിൽ ബിൽ 2021 നിയമസഭയിൽ അവതരിപ്പിക്കണമെന്നാണ് വിദ്യാർത്ഥികളുടെ സംഘടന ആവശ്യപ്പെടുന്നത്. എ.ടി.എസ്.യു.എമ്മിന്‍റെ അഭിപ്രായത്തിൽ, താഴ്‌വര പ്രദേശങ്ങളുടെ വികസനത്തിന് ഇത് കൂടുതൽ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം നൽകും.