പിരിച്ചുവിടൽ സ്റ്റേ ചെയ്യണം; സുനുവിന്റെ അപേക്ഷ തള്ളി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം: തന്നെ സംസ്ഥാന പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പി.ആർ സുനുവിന്‍റെ ഹർജി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. നടപടിയെടുക്കാൻ ഡി.ജി.പിക്ക് അധികാരമുണ്ടെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ മാസം 31നകം സുനു കാരണം കാണിക്കലിന് മറുപടി നൽകാനും നിർദ്ദേശിച്ചു. 15 തവണ വകുപ്പുതല നടപടി നേരിട്ട പൊലീസുകാരനാണ് സുനു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു.

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സുനു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. സ്ഥാനക്കയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. ഈ ശിക്ഷാ നടപടി ഡി.ജി.പിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുനഃപരിശോധിക്കുകയും പിരിച്ചുവിടലാക്കി മാറ്റുകയും ചെയ്‌തിരുന്നു. സുനു കൂട്ടബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് നിലവിൽ സസ്പെൻഷനിലാണ്. 

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തും ജില്ലാ തലത്തിലും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയത്.