ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന് വീരമൃത്യു 

ശ്രീനഗര്‍: ശ്രീനഗറിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരന് വീരമൃത്യു. എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ശ്രീനഗറിലെ ലാൽ ബസാറിൽ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. പോലീസ് ചെക്ക് പോസ്റ്റിന് സമീപമെത്തിയ ഭീകരർ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.