സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം; 30 മരണം

സൊമാലിയൻ ഹോട്ടലിന് നേരെ ഭീകരാക്രമണം. 30 പേർ കൊല്ലപ്പെട്ടു. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിന് നേരെയാണ് അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ ആക്രമണം നടത്തിയത്. 30 പേർ കൊല്ലപ്പെട്ടതായും കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്നും ഇന്‍റലിജൻസ് ഓഫീസർ മുഹമ്മദ് പറഞ്ഞു.
സംഘർഷത്തിൽ ഹോട്ടലിന്‍റെ വലിയ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മെയ് മാസത്തിൽ പ്രസിഡന്‍റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തെ ആക്രമണം.

ഭീകരരിൽ നിന്ന് ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെയാണ് രാത്രിയിൽ സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സൊമാലിയയിലെ അൽ ഷബാബ് വിമതരാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.