പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം ഭീകരാക്രമണം കുറഞ്ഞു: ഇന്ത്യ യുഎന്നിൽ

ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി ഇന്ത്യ യുഎന്നിനെ അറിയിച്ചു.
നാല് വർഷത്തിന് ശേഷം എഫ്.എ.ടി.എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾക്ക് ശേഷമാണ് ഇന്ത്യയുടെ പ്രസ്താവന.

ഇന്ത്യ ആതിഥേയത്വം വഹിച്ച യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിലാണ് പാകിസ്ഥാന്‍റെ പേര് പരാമർശിക്കാതെ കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയിന്റ് സെക്രട്ടറി സാഫി റി‌സ്‌വി ഇക്കാര്യം വ്യക്തമാക്കിയത്.

“2014ൽ ജമ്മു കശ്മീരിലെ 5 കേന്ദ്രങ്ങളിൽ വലിയ ഭീകരാക്രമണമുണ്ടായി. 2015ൽ എട്ടും 2016ൽ പതിനാറും ആക്രമണങ്ങൾ നടന്നു. 2017ൽ എട്ട്, 2018ൽ മൂന്ന് എന്നിങ്ങനെ ആക്രമണങ്ങൾ കുറഞ്ഞു. 2019ൽ പുൽവാമയിൽ വൻ ഭീകരാക്രമണമുണ്ടായി. 2020ൽ ആക്രമണങ്ങൾ താരതമ്യേന കുറവായിരുന്നു. 2021 മുതൽ ആക്രമണങ്ങൾ കൂടി. 2022ലും അതേ പ്രവണതയാണു കാണുന്നത്. എന്തുകൊണ്ടാണ് 2018 മുതൽ 2021 വരെ ഭീകരാക്രമണം കുറഞ്ഞത്? ഇതിന് ഒറ്റക്കാരണമേയുള്ളൂ– ഗ്രേ ലിസ്റ്റിങ്” റി‌സ്‌വി പറഞ്ഞു.

2018 പകുതിയോടെ അതിർത്തിയിൽ 600 ഭീകരക്യാമ്പുകളാണുണ്ടായിരുന്നത്. പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ ഈ എണ്ണത്തിൽ 75 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.