തീവ്രവാദ ശക്തികളെ ഒരു വിഭാഗത്തിനുമാത്രമായി എതിർക്കാനാവില്ല: മുഖ്യമന്ത്രി

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന വേദിയിൽ ലീഗ് നേതാക്കൾക്കു മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെ മുജാഹിദ് വേദിയിൽ വച്ച് വിമർശിച്ചത് ശരിയായില്ല. മതതീവ്രവാദ ശക്തികളെ ഒരു വിഭാഗത്തിന് മാത്രം എതിർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രി ലീഗ് നേതാക്കളെ വിമർശിച്ചത്.

പി കെ ബഷീറും പി കെ ഫിറോസും കഴിഞ്ഞ ദിവസം മുജാഹിദ് വേദിയിൽ സി പി എമ്മിനെ വിമർശിച്ചിരുന്നു. 34 വർഷം ബംഗാൾ ഭരിച്ച പാർട്ടി ഇപ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് തനിക്കറിയാം. എന്നാൽ മുജാഹിദ് വേദിയിൽ അല്ല അത് പറയേണ്ടത്. തീവ്രവാദ ശക്തികൾക്കെതിരെ നാം ഒരുമിച്ച് പോരാടണം. തീവ്രവാദ ശക്തികളെ ഒറ്റയ്ക്ക് എതിർക്കാൻ ശ്രമിക്കുന്നത് ഓങ്ങിവരുന്ന മഴുവിനുമുന്നിൽ കഴുത്ത് കാണിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വലിയ തോതിൽ ആക്രമിക്കപ്പെടുകയാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. മുജാഹിദിന്‍റെ പത്താമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, ധാരാളം സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമമാണ് ഈ നാടിന്‍റെ പുരോഗതിക്കും നവോത്ഥാന പ്രവർത്തനങ്ങൾക്കും കാരണമായതെന്ന് പറഞ്ഞു. ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും രാജ്യത്ത് പിടിമുറുക്കുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.