ഭീകരൻ ഗോൾഡ്ഫിഷ് പെരുകുന്നു ;മിനസോഡയിൽ ജനങ്ങൾക്ക് താക്കീത് നൽകി

യുഎസ്: യുഎസിലെ മിനസോഡ സംസ്ഥാനത്തിലെ കനാലുകളിലും പുഴകളിലും തടാകങ്ങളിലുമൊക്കെ വമ്പൻ ഗോൾഡ്ഫിഷ് മത്സ്യങ്ങൾ പെരുകുന്നെന്ന് തദ്ദേശ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പും ജാഗ്രതയും നൽകി. പ്രധാന നഗരമായ മിനിയാപൊളിസിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബേൺസ്വില്ലെയിലെ അധികൃതരാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ നവംബർ മുതൽ ബേൺസ്വില്ലെയ്ക്കടുത്തുള്ള കാർവർ കൗണ്ടിയിൽ നിന്ന് അരലക്ഷത്തോളം ഗോൾഡ് ഫിഷുകളെയാണ് പിടികൂടി നീക്കം ചെയ്തത്. ഒന്നരയടി നീളവും 2 കിലോഗ്രാം ഭാരവുമുള്ള ഗോൾഡ് ഫിഷാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുത്.

അലങ്കാരമത്സ്യം വളർത്തുന്നവർ ഇടയ്ക്കു വച്ച് നിർത്തുമ്പോഴോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഗോൾഡ് ഫിഷിനെ ജലാശയങ്ങളിലെ വെള്ളത്തിലേക്ക് ഇറക്കി വിടുന്നതാണ് ജലാശയങ്ങളിൽ ഇവ പെരുകാൻ കാരണം. ജലശ്രോതസ്സുകളിൽ ഗോൾഡ്ഫിഷിന്റെ എണ്ണം കൂടുന്നത് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും.

പുഴകളുടെയും മറ്റും അടിത്തട്ടിൽ നിന്ന് ഭക്ഷണം സ്വീകരിച്ചു തുടങ്ങുന്ന ഇവ, നദിയുടെ ലവണ ഘടനയെ മാറ്റുകയും ജലത്തിന്റെ നിലവാരം ഇല്ലാതെയാക്കുകയും ചെയ്യും. അടിത്തട്ടിലുള്ള സസ്യങ്ങൾ നശിപ്പിച്ചുകളയാനും ഇവയ്ക്കു പ്രത്യേക വിരുതാണ്. ഇത്തരത്തിൽ മറ്റു മത്സ്യങ്ങളുടെയും ജലജീവികളുടെയും ഭക്ഷണമില്ലാതാക്കി ഇവയെ ഇല്ലായ്മ ചെയ്യും. മറ്റു മത്സ്യങ്ങളുടെ മുട്ടകളും ഇവ മോഷ്ടിച്ച് ഭക്ഷിക്കാറുണ്ട്.