താക്കറെയ്ക്ക് ഇനി ചിഹ്നം തീപ്പന്തം; ഇരുപക്ഷത്തിനും പുതിയ പാർട്ടി പേര്

ഡൽഹി: മഹാരാഷ്‌ട്രയിൽ ഉദ്ധവ് വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും പുതിയ പാർട്ടി പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാകും ഉദ്ധവ് പക്ഷം ഇനി അറിയപ്പെടുക. തീപ്പന്തമാണ് ഇവരുടെ പാർട്ടി ചിഹ്നം. ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല.

ത്രിശൂലം, ഉദിച്ചുയരുന്ന സൂര്യൻ, ഗദ എന്നിവ ചിഹ്നങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും മതപരമായ കാരണങ്ങളാൽ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് മുമ്പ് പുതിയ ചിഹ്നം സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് അനുവദിച്ചത്. ചിഹ്നത്തിലും പേരിലും ഇരുപക്ഷവും അവകാശവാദമുന്നയിച്ചതിനാൽ അന്തിമ തീരുമാനത്തിലെത്തുന്നതുവരെ തൽസ്ഥിതി തുടരുമെന്നും കമ്മിഷൻ വ്യക്തമാക്കി. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ താക്കറെ-ഷിൻഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവുമായി മത്സരരംഗത്തിറങ്ങും.

അതേസമയം, ചിഹ്നം മരവിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ കോടതിയെ സമീപിച്ചു. കമ്മീഷന്‍റെ ഉത്തരവിനെതിരെ താക്കറെ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിൻഡെ വിഭാഗവും ശിവസേന എന്ന പേരിനും ചിഹ്നമായ അമ്പിനും വില്ലിനും അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പേരും ചിഹ്നവും മരവിപ്പിച്ചത്. 

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യ സർക്കാർ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ശിവസേന എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി. ഈ അട്ടിമറി നടന്ന് 4 മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം മരവിപ്പിച്ചത്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ബിജെപി പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം അധികാരം പിടിച്ചെടുത്തത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. തർക്കത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.