ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ തരൂര്‍ പരാതി നൽകിയിട്ടില്ല: മധുസൂദൻ മിസ്ത്രി

ന്യൂഡല്‍ഹി: പരസ്യ പിന്തുണ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. മറ്റൊരു സംസ്ഥാനത്തെക്കുറിച്ച് തരൂർ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കും. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും മിസ്ത്രി വിശദീകരിച്ചു. രാജ്യത്തുടനീളം 69 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്കാർക്കായി പ്രത്യേക പോളിംഗ് ബൂത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയാണെന്നാണ് ശശി തരൂരിന്റെ പരാതി. നേതാക്കൾ ഭാരവാഹിത്വം രാജിവയ്ക്കാതെ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നതിലാണ് തരൂർ അതൃപ്തി പരസ്യമാക്കിയത്. 

തരൂർ മഹാരാഷ്ട്രയിൽ എത്തിയപ്പോൾ പ്രമുഖ നേതാക്കളാരും അദ്ദേഹത്തെ കാത്തുനിന്നിരുന്നില്ല. തരൂർ നാളെ മഹാരാഷ്ട്ര പിസിസി സന്ദർശിക്കാനിരിക്കെ അദ്ദേഹത്തെ സ്വീകരിക്കാനോ പ്രചാരണത്തിന് സൗകര്യം ഒരുക്കാനോ നിർദ്ദേശങ്ങളില്ല.