ഖാർഗെ പ്രസി‍ഡന്‍റായാല്‍ മാറ്റം ഉണ്ടാവില്ലെന്ന് തരൂര്‍

ഡൽഹി: സൗഹൃദ മത്സരമെന്ന അവകാശ വാദങ്ങൾക്കിടയിലും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതി തന്നെ തുടരുമെന്നുമുള്ള സന്ദേശം നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂർ ശ്രമിക്കുന്നത്.

എന്നാല്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്നായിരുന്നു ഖാർഗെയുടെ മറുപടി. നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ, എല്ലാവരുടെയും പിന്തുണയോടെയാണ് താൻ മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ രണ്ടാം ദിവസം പ്രചാരണം തുടരുന്ന ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലെത്തി. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും, ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകവും തരൂർ ട്വിറ്ററിൽ കുറിച്ചു.