തരൂർ കോൺ​ഗ്രസ് പ്രവർത്തക സമിതിയിലേക്ക്? സോണിയയും രാഹുലുമായി ചർച്ച നടത്താൻ ഖാർ​ഗെ

ന്യൂഡൽഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തും. രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ പങ്കെടുത്ത് തിങ്കളാഴ്ച ഡൽഹിയിലെത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ച. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചയാകും. പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനും നീക്കമുണ്ട്. ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് പാർട്ടിയുടെ ജനാധിപത്യ മുഖച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

സമവായത്തിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് നീക്കം. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പ്രസിഡന്‍റ് ചുമതലയേറ്റ് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ചുചേർത്ത് പ്രവർത്തക സമിതിയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അധ്യക്ഷന് 11 പേരെ നാമനിർദ്ദേശം ചെയ്യാം. തെരഞ്ഞെടുപ്പിലൂടെ 12 പേരെ കണ്ടെത്തണം. എന്നാൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തക സമിതി അംഗങ്ങളെ സമവായത്തിലൂടെ തീരുമാനിക്കുക എന്നതാണ് പാർട്ടിയിലെ കീഴ്‌വഴക്കം. ഇത് തുടരുമെന്ന് മല്ലികാർജുൻ ഖാർഗെ തന്‍റെ സഹപ്രവർത്തകർക്ക് സൂചന നൽകിയിട്ടുണ്ട്.

മത്സരം നടന്നാൽ അത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നാണ് വാദം. എന്നാൽ നേതൃത്വവുമായി അടുപ്പമുള്ളവരെ നിലനിർത്താനാണ് നീക്കമെന്നാണ് സൂചന. അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളായതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവർത്തക സമിതിയിൽ കൂടുതൽ പരിഗണന ലഭിക്കും. നാമനിർദ്ദേശം ചെയ്യപ്പെട്ട പതിനൊന്ന് അംഗങ്ങളിൽ ഒരാളായി തരൂരിനെ ഉൾപ്പെടുത്തണം എന്നാണു അംഗങ്ങളുടെ അവശ്യം. 1072 വോട്ടുകൾ നേടിയ തരൂരിന് വീണ്ടും മത്സരിച്ച് അംഗമാകേണ്ട ആവശ്യമില്ലെന്ന് കാണിച്ച് അവർ കത്തെഴുതും. രമേശ് ചെന്നിത്തല,  കെ മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ കേരളത്തിൽ നിന്നുള്ള നേതാക്കൾ പ്രവർത്തക സമിതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.