തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; വിവിധ പരിപാടികളിൽ പങ്കെടുക്കും

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തരൂരിന്റെ വടക്കൻ കേരള സന്ദർശനം ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടി.പി രാജീവന്‍റെ വസതിയിൽ രാവിലെ എത്തുന്ന തരൂർ പിന്നീട് മാഹി കലാഗ്രാമത്തിലെ ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട് തറവാട് സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ മുസ്ലീം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കും.

കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു.

തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദത്തിനൊടുവിലാണ് ശശി തരൂർ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറായിരുന്നു വേദി. യൂത്ത് കോൺഗ്രസ് പിന്മാറിയതോടെയാണ് നെഹ്റു ഫൗണ്ടേഷൻ സംഘടനാ ചുമതല ഏറ്റെടുത്തത്. ശശി തരൂരിന് ഉജ്ജ്വല സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്.