11 വർഷത്തെ നിയമപോരാട്ടം ഫലംകണ്ടു; റാണാ പ്രതാപിൻ്റെ മരണം അന്വേഷിക്കാൻ സിബിഐ
കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ വരുന്നതോടെ സത്യം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ 11 വർഷമായി റാണയുടെ മരണത്തിന് പിന്നിലെ സംശയങ്ങൾ ദൂരീകരിക്കാൻ നീതിക്കായി പോരാടുകയാണ് അവർ.
2011 മാർച്ച് 26ന് പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ മകൻ ബേക്കറിയിൽ ബോധരഹിതനായി വീണുവെന്ന വിവരമാണ് അച്ഛൻ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മകൻ ജീവനോടെയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടാണ് വിഷം ഉള്ളിൽ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. പക്ഷേ, എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നീതിക്ക് വേണ്ടി അലഞ്ഞ പിതാവ് സുധീന്ദ്ര പ്രസാദ് ഒടുവിൽ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള കോടതി ഉത്തരവ് വിധി കേൾക്കാൻ പിതാവ് ഹാജരായിരുന്നില്ല. പിതാവിന്‍റെ സ്ഥാനത്ത് നിന്ന്, കേസ് നടത്തിയത് ചെറിയച്ഛനാണ്.
തുടക്കം മുതൽ അന്വേഷണത്തിൽ പോലീസ് പരാജയപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. പരാതി നൽകി 20 ദിവസത്തിന് ശേഷമാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് വീട്ടിലെത്തിയത്. മകന്‍റെ മരണത്തിന് പിന്നിലെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാണയുടെ പിതാവ് സുധീന്ദ്ര പ്രസാദ് 11 വർഷത്തിലേറെയായി ഓഫീസുകളിൽ കയറിയിറങ്ങുന്നു. സി.ബി.ഐ എത്തുന്നതോടെ സത്യം അറിയാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.