2023 ലോകകപ്പ്; 20 അംഗ സംഘത്തെ ബിസിസിഐ തിരഞ്ഞെടുത്തെന്ന് റിപ്പോർട്ട്

മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനെ ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ). ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന 20 താരങ്ങളെ ബി.സി.സി.ഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുംബൈയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ചേർന്ന ബിസിസിഐയുടെ പ്രകടന അവലോകന യോഗത്തിലാണ് തീരുമാനം. കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, എൻസിഎ ചെയർമാൻ വിവിഎസ് ലക്ഷ്മണ്‍, മുൻ ചീഫ് സെലക്ടർ ചേതൻ ശർമ എന്നിവരും സന്നിഹിതരായിരുന്നു. ബോർഡ് പ്രസിഡന്‍റ് റോജർ ബിന്നി വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുത്തു.

പ്രധാന താരങ്ങളോട് വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ബോർഡ് ആവശ്യപ്പെട്ടേക്കും. കളിക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പതിവില്ലാത്ത പ്രക്രിയയ്ക്കാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.