36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ ഇന്ന് തുടക്കം

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തിരിതെളിയും. രാജ്യത്തെ പ്രമുഖ കായിക താരങ്ങൾ പങ്കെടുക്കുന്ന മേള മൊട്ടേരയിലെ തന്‍റെ പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബാഡ്മിന്‍റണിലെ രണ്ട് ഒളിമ്പിക് മെഡൽ ജേതാവായ പി.വി.സിന്ധുവും പങ്കെടുക്കും.

28 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സര്‍വീസസ് ഉള്‍പ്പെടെ 36 ടീമുകള്‍ 36 ഇനങ്ങളിലായി മത്സരിക്കുമ്പോള്‍ മൈതാനത്ത് 7500-ലേറെ താരങ്ങള്‍ അണിനിരക്കും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ തുടങ്ങി ആറ് നഗരങ്ങളിൽ 17 വേദികളിലായാണ് മത്സരം നടക്കുക. ആതിഥേയരായ ഗുജറാത്തിൽ നിന്നാണ് ഏറ്റവും വലിയ ടീം.

സ്വന്തം നാട്ടില്‍ ആദ്യമായി നടക്കുന്ന ദേശീയ ഗെയിംസില്‍ 696 അംഗങ്ങളുമായാണ് ഗുജറാത്ത് എത്തുന്നത്. കേരളത്തിൽ നിന്ന് 436 പേരാണ് മത്സരരംഗത്തുള്ളത്. 129 പരിശീലകരും ഒഫീഷ്യലുകളുമാണ് സംഘത്തിലുള്ളത്. കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പ് വെള്ളി മെഡൽ ജേതാവ് എം.ശ്രീശങ്കർ മാർച്ച് പാസ്റ്റിൽ കേരളത്തിന്‍റെ പതാക ഉയർത്തും. കേരളത്തിൽ നിന്ന് മൂന്ന് ടീമുകൾ ഇതിനകം ഗുജറാത്തിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ എത്തും.