സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട 19 പേരും ബുധനാഴ്ച സസ്പെൻഷനിലായ എഎപി നേതാവ് സഞ്ജയ് സിംഗും റിലേ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെയാണ് എംപിമാർക്കെതിരെ നടപടി.

അതേസമയം, നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പ് പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ എന്ന നിലപാടാണ് സ്പീക്കർ വെങ്കയ്യ നായിഡു സ്വീകരിച്ചത്. ക്ഷമാപണത്തിനൊപ്പം സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന് എംപിമാർ ഉറപ്പ് നൽകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയില്ലെന്നും സമരം തുടരുമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ജി.എസ്.ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ജിഎസ്ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും ചർച്ചയ്ക്ക് തയ്യാറാണെന്ന് നിർമ്മല സീതാരാമൻ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.