മാളികപ്പുറം അപകടം; കലക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി മന്ത്രി

പത്തനംതിട്ട: മാളികപ്പുറം അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ജയകുമാർ (47), അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആദ്യം സന്നിധാനം സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തു.