ചിഹ്നം മരവിപ്പിച്ച നടപടി; കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് താക്കറെ കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയെയാണ് കമ്മീഷൻ ഉത്തരവിനെതിരെ താക്കറെ സമീപിച്ചത്. താക്കറെ വിഭാഗം സമർപ്പിച്ച ചിഹ്നങ്ങളിൽ നിന്ന് ചിഹ്നം തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഉദ്ദവ് താക്കറെ-ഏക്നാഥ് ഷിന്‍ഡെ തർക്കത്തിന് പിന്നാലെയാണ് ശിവസേനയെന്ന പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്.

കമ്മീഷന്‍റെ നടപടിയെ തുടർന്ന് ഇരുവിഭാഗങ്ങളും ഇന്ന് പുതിയ ചിഹ്നങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ശിവസേനയുടെ പേരും അമ്പും വില്ലും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇരു വിഭാഗവും സ്വതന്ത്രർക്ക് അനുവദിക്കപ്പെട്ടിരിക്കുന്നവയില്‍ നിന്നാണ് ചിഹ്നം തെരഞ്ഞെടുക്കുക. അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും ഉപയോഗിക്കാനാകും.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യസർക്കാർ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ശിവസേന എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയിരുന്നു. ഈ അട്ടിമറി നടന്ന് 4 മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം മരവിപ്പിച്ചത്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ബിജെപി പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം അധികാരം പിടിച്ചെടുത്തത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. തർക്കത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.