നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളും കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ നടി നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെടും. നിലവിലെ ഹർജി ഇന്ന് പുതുക്കി സമർപ്പിക്കും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും. 

അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിജീവതയുടെ ആശങ്ക അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ.