‘അറിയിപ്പ്’ ലൊക്കാര്‍ണോയില്‍ പ്രദര്‍ശിപ്പിച്ചു

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലൊക്കാര്‍ണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ സിനിമ തിരഞ്ഞെടുക്കപ്പെട്ടത്.

നോയിഡയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. മെച്ചപ്പെട്ട ഒരു ജോലി സ്വപ്നം കണ്ട് രാജ്യത്തിന് പുറത്ത് താമസിക്കുന്ന ദമ്പതികളുടെ ജീവിതത്തെയും തുടർന്നുള്ള സംഭവങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ലവ്ലിൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2005 ൽ ഋതുപര്‍ണോഘോഷ് സംവിധാനം ചെയ്ത അന്തരമഹൽ ആണ് ലൊക്കാര്‍ണോ ഫെസ്റ്റിവലിൽ മത്സരിച്ച അവസാന ഇന്ത്യൻ ചിത്രം. 2011 ൽ അടൂർ ഗോപാലകൃഷ്ണന്‍റെ ‘നിഴൽക്കുത്ത്’ എന്ന ചിത്രം സ്പെഷ്യൽ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.