അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുക. ഇതിൽ 8.5 ലക്ഷം പേർ വിദേശികളും 1.5 ലക്ഷം പേർ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകരുമാണ്.

79,237 ഇന്ത്യക്കാരാണ് ഹജ്ജിന് എത്തിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടിയാണ് സംഘത്തെ നയിക്കുന്നത്. അയ്യായിരത്തിലധികം മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യൻ ഹാജിമാർക്ക് മഹത്തായ സേവനമാണ് നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തീർത്ഥാടകർക്കുള്ള മെട്രോ സൗകര്യം വലിയ സൗകര്യമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വരെ അറഫയിൽ പ്രാർത്ഥനയോടെ കഴിയുന്ന ഭക്തർ മുസ്തലിഫയിൽ രാത്രി തങ്ങും. ഈദുൽ അദ്ഹ ദിനത്തിൽ ജംറയിൽ എറിയാൻ കല്ലുമായി തീർത്ഥാടകർ നാളെ മിനായിലെത്തും. ബലിയർപ്പിക്കൽ, മുടിവെട്ടൽ തുടങ്ങിയ ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം കഅബ മസ്ജിദുൽ ഹറമിൽ പ്രദക്ഷിണം വയ്ക്കും.