അറ്റാക്കാമ മരുഭൂമി പൂത്തുലഞ്ഞു; അമ്പരന്ന് സഞ്ചാരികൾ
ചിലെ: അറ്റാക്കാമ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമികളിലൊന്നാണ്. പേരിന് പോലും ജീവജാലങ്ങളോ സസ്യങ്ങളോ ഇല്ലാത്ത അറ്റാക്കാമയിൽ ഇപ്പോൾ പൂക്കൾ വിരിഞ്ഞിരിക്കുകയാണ്. അറ്റാക്കാമ മരുഭൂമിയിൽ പൂക്കൾ വിരിഞ്ഞതിന്റെ അമ്പരപ്പിലാണ് ലോകം.
മഞ്ഞുമൂടിയ ആന്‍ഡസ് പർവതനിരകൾക്കും ആഴത്തിലുള്ള പസഫിക് സമുദ്രത്തിനും ഇടയിൽ ഞെരിഞ്ഞമർന്ന ഒരു മരുഭൂമിയാണ് അറ്റാക്കാമ. 63 ഡിഗ്രി സെൽഷ്യസ് താപനിലയും നിരന്തരം കാറ്റ് വീശുകയും ചെയ്യുന്ന അറ്റാക്കാമയിൽ നിന്നുള്ള ഈ സവിശേഷമായ കാഴ്ച ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അപ്രതീക്ഷിതമായ മഴയാണ് വസന്തത്തിന് പിന്നിൽ.
2017ന് ശേഷം ഇതാദ്യമായാണ് അറ്റാക്കാമയിൽ വസന്തം എത്തുന്നത്. അറ്റാക്കാമയുടെ ആകാശത്ത് അപൂർവമായി ഉരുണ്ടുകൂടുന്ന മഴമേഘങ്ങൾ നേരിയ ചാറ്റൽമഴ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. മണൽക്കൂനകളിൽ വീണ വിത്തുകൾ ഒരു ചെറിയ ചാറ്റൽമഴ കാരണം പൊട്ടിമുളച്ചതാവാൻ സാധ്യതയുണ്ട്. മണലിനടിയിൽ തണുത്തുറഞ്ഞ വെള്ളത്തിലാണ് വിത്തുകൾ ഒട്ടിപ്പിടിച്ചു കിടക്കാറുള്ളത്.
പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായത്തിൽ, ഈ വിത്തുകൾക്ക് മഴയെ കാത്ത് എത്രകാലം വേണമെങ്കിലും മണ്ണിനടിയിൽ കഴിയാം. അനുകൂലമായ കാലാവസ്ഥയിൽ അവ വളരുകയും സസ്യങ്ങളായി മാറുകയും ചെയ്യുന്നു. മിക്ക പൂക്കളും മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മൽവാച്ചെടികളുടേതാണ്. 1,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അറ്റാക്കാമയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ പൂത്തുലഞ്ഞിരിക്കുന്നത്. പ്രകൃതി തന്നെ നിർമ്മിച്ച പൂങ്കാവനം കാണാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്.