അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ കൈമാറി
തിരുവനന്തപുരം: അപമാനം ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മാതാപിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് കുട്ടിയെ കൈമാറിയത്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
വിവാഹത്തിനുമുമ്പേ ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ സദാചാരഭീതിയിൽ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. വിവാഹസമയത്ത് യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്തെ വാടക വീട്ടിലേക്ക് താമസം മാറി.
മെയ് മാസത്തിൽ പ്രസവിച്ചു. ജൂലായ് 17നാണ് കുഞ്ഞിനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. പിന്നീട്, കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ദമ്പതികൾ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.