ബാങ്ക് തട്ടിപ്പ്: ഡി.എച്ച്.എഫ്.എലിൻ്റെ മുന്‍ ഉടമകള്‍ക്കെതിരെ കേസ്

മുംബൈ: 17 ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്നായി 34615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഡിഎച്ച്എഫ്എലിൻ്റെ മുൻ ഉടമകളായ കപിൽ വാധവാൻ, ധീരജ് വാധവാൻ എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നൽകിയ പരാതിയിലാണ് നടപടി. രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. എബിജി കപ്പല്‍ശാലയുടെ 22842 കോടിയുടെതായിരുന്നു ഇതുവരെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസ്.

കേസുമായി ബന്ധപ്പെട്ട് 50 ഓളം സിബിഐ ഉദ്യോഗസ്ഥർ മുംബൈയിലെ 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. കണ്സോർഷ്യത്തിൻറെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് 2022 ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. രേഖകൾ തിരിമറി നടത്തിയെന്നും ബാങ്കുകളുടെ കുടിശ്ശിക കുടിശ്ശിക വരുത്തിയെന്നും അതുവഴി ബാങ്കുകൾക്ക് 34,615 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

2010 നും 2018 നും ഇടയിൽ 42,871 കോടി രൂപയാണ് കമ്പനി ബാങ്കുകളിൽ നിന്ന് കടമെടുത്തത്. 2019 മെയ് മുതൽ തിരിച്ചടവ് നിലച്ചു. വിവിധ സമയങ്ങളിൽ, ബാങ്കുകൾ ഈ വായ്പാ അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ ഡി.എച്ച്.എഫ്.എൽ. ഉടമകൾ ഫണ്ട് വകമാറ്റിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ബാങ്കുകളുടെ കൺസോർഷ്യം ഓഡിറ്റിംഗിനായി കെപിഎംജിയെ നിയമിച്ചു. പരസ്പരം ബന്ധപ്പെട്ട കമ്പനികൾ വഴിയാണ് ഫണ്ട് വകമാറ്റിയതെന്ന് കണ്ടെത്തി.