യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തിയത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

നോർവീജിയൻ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കുകയായിരുന്നു. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലാൻഡ് എന്നിവിടങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

അതേസമയം, മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. യാത്രയെ കുറിച്ച് രേഖാ മൂലമോ, രാജ്ഭവനിൽ നേരിട്ട് എത്തിയോ അറിയിക്കുന്ന സമ്പ്രദായം ലംഘിച്ചതിലാണ് അതൃപ്തി. ഇന്നലെ കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് ഗവർണറെ അറിയിച്ചതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്.