കുട്ടിക്കാലത്ത് ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയാണ് ഏറ്റവും വലിയ പ്രചോദനം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ ഭീംഭായ് ഗാമട് ആണ് തന്‍റെ എക്കാലത്തെയും വലിയ പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. തന്നിൽ സ്ത്രീപക്ഷ സമീപനം രൂപപ്പെടുത്തിയത് അവരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചുമതലയേറ്റ ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“കുട്ടിക്കാലത്ത് ഞാൻ ഭീംഭായിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ അവർ മനോഹരമായ ധാരാളം കഥകൾ എന്നോട് പറഞ്ഞു. അവർ ഒരു മികച്ച ഫെമിനിസ്റ്റ് ആയിരുന്നു. അവരാണ് ഗ്രാമീണ ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾ എനിക്ക് പരിചയപ്പെടുത്തിയത്. അവരിൽ നിന്ന് ഞാൻ ധാരാളം അടിസ്ഥാന മൂല്യങ്ങൾ പഠിച്ചു,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. “എന്‍റെ ഭാര്യ കൽപ്പന എന്‍റെ ഏറ്റവും നല്ല സുഹൃത്തും വിമര്‍ശകയും വഴികാട്ടിയുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗ ഗുരു അനന്ത് ലിമായെയാണ് തന്നെ ഉന്നത ബോധത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. “എന്നെ വ്യായാമം മാത്രമാണ് പഠിപ്പിച്ചതെന്ന് അദ്ദേഹം ഓർമിപ്പിക്കാറുണ്ടായിരുന്നു. ഞാൻ സ്വയം ഉയർന്ന ബോധം നേടണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അതിരാവിലെ അദ്ദേഹത്തോടൊപ്പം പരിശീലിക്കുന്നത് ആത്മീയ യാത്രയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി” ചീഫ് ജസ്റ്റിസ് പറഞ്ഞു.