ഇനി ബ്ലൂ ടിക്ക് സൗജന്യമല്ല; സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ
ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ട്വിറ്റർ. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ എലോൺ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “എല്ലാത്തരം വെരിഫിക്കേഷൻ നടപടിക്രമങ്ങളും ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യും,” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വെരിഫിക്കേഷനിൽ എന്ത് തരത്തിലുള്ള മാറ്റമാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, വെരിഫൈഡ് ഉപയോക്താവാണെന്ന നീല ടിക്ക് മാർക്കിന് ചാർജ്ജ് ഈടാക്കുന്ന കാര്യം ട്വിറ്റർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താവ് നീല ടിക്കിന് പ്രതിമാസം 4.99 ഡോളർ നൽകി ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടിവരും. എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ, വെരിഫിക്കേഷൻ മാർക്ക് നഷ്ടപ്പെടും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, വെരിഫിക്കേഷൻ ട്വിറ്റർ ബ്ലൂവിന്‍റെ ഭാഗമാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റർ ബ്ലൂ പ്രവർത്തനം ആരംഭിച്ചത്. ട്വിറ്ററിന്‍റെ ആദ്യ സബ്സ്ക്രിപ്ഷൻ സേവനമായിരുന്നു ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റുചെയ്യുന്നതുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ ബ്ലൂ വാഗ്ദാനം ചെയ്തിരുന്നു.