അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി സൈനികൻ അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാൽ പറഞ്ഞു. കാസർകോട് ചെറുവത്തൂർ കിഴക്കേമുറി നിവാസികളും സുഹൃത്തുക്കളും ബന്ധുക്കളും അശ്വിന്‍റെ വിയോഗത്തിൽ ദു:ഖത്തിലാണ്.

ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ അശോകന്‍റെ മകൻ കെ.വി അശ്വിൻ ഇന്നലെ വൈകുന്നേരമാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. നാല് വർഷം മുമ്പാണ് യുവാവ് സൈന്യത്തിൽ ചേർന്നത്. ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ എഞ്ചിനീയറായിരുന്നു.

ഓണം ആഘോഷിക്കാൻ വീട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് മടങ്ങിയത്. വീട്ടിലെത്തിയപ്പോഴെല്ലാം പൊതുരംഗത്തും കായികരംഗത്തും സജീവമായിരുന്നു. മൃതദേഹം നിലവിൽ അസമിലെ ഡിഞ്ചാൻ മിലിട്ടറി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ എയർലിഫ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരും. മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.