ബസ് വരാൻ വൈകി; റൺവേയിലൂടെ നടന്ന് വിമാന യാത്രക്കാർ

ന്യൂഡൽഹി: ലാൻഡ് ചെയ്ത് 45 മിനിറ്റ് കാത്തിരുന്നിട്ടും ബസ് എത്താത്തതിനെ തുടർന്ന് യാത്രക്കാർ റൺവേയിലൂടെ നടന്നു. ഹൈദരാബാദ്-ഡൽഹി സ്പൈസ് ജെറ്റ് വിമാനത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്. സുരക്ഷാവീഴ്ചയുണ്ടായോ എന്നറിയാൻ വിശദമായ അന്വേഷണത്തിന് ഡി.ജി.സി.ഐ ഉത്തരവിട്ടു.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി 11.24നാണ് സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനം വന്നയുടനെ ഒരു ബസ് വന്ന് കുറച്ച് യാത്രക്കാരെയും കയറ്റി പോയി. ബാക്കിയുള്ളവർ 45 മിനിറ്റോളം കാത്തുനിന്നെങ്കിലും ബസ് വന്നില്ല. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ടെർമിനലിലേക്ക് യാത്രക്കാർ നടക്കുകയായിരുന്നുവെന്നാണ് വിവരം.

റൺവേയിലൂടെ യാത്രക്കാർ നടക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോച്ചുകളുടെ വരവിൽ നേരിയ കാലതാമസമുണ്ടായെന്നും നടന്നുപോയ എല്ലാ യാത്രക്കാരെയും പിന്നീട് ബസിൽ കയറ്റി ടെർമിനലിലേക്ക് കൊണ്ടുപോയെന്നും സ്പൈസ് ജെറ്റ് വിശദീകരിച്ചു. ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാത്രക്കാർ ഇറങ്ങി നടന്നെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.