ചെക് ഡാമില്‍ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരനെ രക്ഷിച്ചു

തൃശ്ശൂര്‍: കാർ ചെക്ക് ഡാമിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്വാമലയ്ക്കടുത്ത് കൊണ്ടാഴിയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കൊണ്ടറ സ്വദേശി ജോണിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കാർ പുഴയിൽ തങ്ങിക്കിടക്കുകയാണ്.

തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിന് മുകളിലാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ ജോണി ചെക്ക് ഡാമിന് മുകളിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തതോടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് ജോണിയെ കരയിലെത്തിച്ചു.

ചെക്ക് ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിനാൽ ഈ റൂട്ടിൽ ഗതാഗതം നിരോധിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. നിസ്സാര പരിക്കേറ്റ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.