പരാതിക്കാരിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു.
പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നാണ് കേസ്. ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് വാദം പരിഗണിച്ചത്. വഞ്ചിയൂരിലെ അഭിഭാഷകൻ്റെ ഓഫീസിലേക്ക് എൽദോസ് കൊണ്ടുപോയി മർദ്ദിച്ചതായി യുവതി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയെ മർദ്ദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന അഭിഭാഷകരുടെ ഉപദേശപ്രകാരമാണ് എം.എൽ.എ പിൻവാങ്ങിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റ് പ്രതികളും ചേർന്ന് കാറിൽ കൊണ്ടുപോയി. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ നിന്ന് കൊണ്ടുപോയ കാർ കണ്ടെടുക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു. എന്നാൽ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേസിൽ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു.