കടൽക്കൊല കേസ്; 9 മത്സ്യതൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയെന്ന് സുപ്രീംകോടതി

ഡൽഹി: കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് കോടതി ഉത്തരവിട്ടത്. ബോട്ട് ഉടമയ്ക്ക് നൽകിയ നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു. തുക കൃത്യമായി നൽകാൻ കേരള ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി.

2012ൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ കേരള തീരത്ത് വെടിവെച്ച് കൊന്നിരുന്നു. എൻട്രിക ലെക്സി എന്ന എണ്ണക്കപ്പലിൽ നിന്നും വെടിയേറ്റാണ് രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ.