കേന്ദ്ര ഇടപെടലും ഫലിച്ചില്ല; ഗോകുലം ടീമിന് എഎഫ്സി ക്ലബ് ചാംപ്യൻഷിപ് നഷ്ടമായി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇടപെടലും ഫലം കാണാതെ വന്നതോടെ ഗോകുലം കേരള വനിതാ ഫുട്ബോൾ ടീമിന് എഎഫ്സി ക്ലബ് ചാമ്പ്യൻഷിപ്പ് അവസരം നഷ്ടമായി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തതാണ് ഗോകുലത്തിന് തിരിച്ചടിയായത്. വിലക്ക് തീരുമാനം വരുന്നതിനു മുമ്പ് തന്നെ ഒരു മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ ഉസ്ബെക്കിസ്ഥാനിലെത്തിയ സംഘം നാളെ അവിടെ നിന്ന് മടങ്ങും.

ക്യാപ്റ്റൻ അശലത ദേവിയുടെ നേതൃത്വത്തിലുള്ള 23 അംഗ സംഘമാണ് ഉസ്ബെക്കിസ്ഥാനിലുള്ളത്. 23ന് ഉസ്ബെക്ക് ക്ലബ്ബ് സോഗ്ദിയാനയെയും 26ന് ഇറാന്‍റെ ബാം ഖട്ടൂണിനെയുമാണ് ഗോകുലം കേരള നേരിടേണ്ടിയിരുന്നത്. സസ്പെൻഷൻ നടപടിയെ തുടർന്ന് രണ്ട് മത്സരങ്ങളും എഎഫ്സി റദ്ദാക്കി. ഫിഫയുടെ തീരുമാനത്തിന് പിന്നാലെ ഗോകുലം ടീം പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയിരുന്നു.

തുടർന്ന് കായിക മന്ത്രാലയം ഫിഫയുമായും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനുമായും ബന്ധപ്പെട്ടു.