കേന്ദ്ര നേതൃത്വം ഇടപെട്ടു; രൂപേഷിനെതിരായ യുഎപിഎ കേസ് സർക്കാർ പിൻവലിച്ചേക്കും

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചേക്കും. ഹർജി പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ, ഹർജി ഇനി പരിഗണിക്കുമ്പോൾ അറിയിക്കും. സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഹർജി പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ.ഷാ, ബി.വി. നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 19 നാണ് ഈ ഹർജി ഇനി സുപ്രീം കോടതി പരിഗണിക്കേണ്ടത്. ഹർജി പിൻവലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് സുപ്രീം കോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

യു.എ.പി.എ നിയമത്തെ കരിനിയമമെന്നാണ് സി.പി.എം വിശേഷിപ്പിക്കുന്നത്. അത്തരമൊരു നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സർക്കാർ തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് പാർട്ടി നയത്തിന് എതിരാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി കേന്ദ്രനേതൃത്വം ഇടപെട്ടതെന്നാണ് സൂചന.