പ്രതാപ് പോത്തന്റെ അവസാന കഥാപാത്രത്തിൻ്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്റെ വിയോഗം മലയാള സിനിമാ രംഗത്തെ വലിയ നഷ്ടങ്ങളിലൊന്നാണ്. ജൂലൈ 15ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അവസാന നാളുകളിൽ വരെ സിനിമയിൽ സജീവമായിരുന്ന പ്രതാപ് അവസാനമായി അഭിനയിച്ചത് നിവിൻ പോളിക്കൊപ്പമാണ്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിൽ ആയിരുന്നു അത്. പ്രതാപ് പോത്തൻ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രതാപ് പോത്തന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘സാറ്റർഡേ നൈറ്റിൽ’ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഡേവിസ് എന്നാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തിന്റെ അച്ഛനാണ് ഡേവിസ്. പ്രതാപ് പോത്തന്റെ വിയോഗ സമയത്ത് റോഷൻ ആൻഡ്രൂസ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതിയിരുന്നു, ‘നമ്മള് സംസാരിക്കുകയും ചിത്രീകരണം ആസ്വദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. നിവിന്റെ അച്ഛന് കഥാപാത്രം ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാന്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കും, പക്ഷേ.. ആദരാഞ്ജലികള്‍..”