യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു
ലണ്ടൻ: വിവാദങ്ങൾക്കിടയിൽ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങുക.
മന്ത്രിമാരായ വീണാ ജോർജും പി രാജീവും കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. കരയിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വന്നതിനാലാണ് മുഖ്യമന്ത്രി ഇവിടേക്ക് പോകാതിരുന്നത്.
മകളെയും കൊച്ചുമകനെയും ഭാര്യയോടൊപ്പം കൊണ്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വിവാദമായിരുന്നു. യാത്രയിൽ ദുരൂഹതയുണ്ടെന്നും മുൻ വിദേശ യാത്രകളുടെ ഗുണഫലങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.