ചൈനീസ് ദേശീയ​ഗാനത്തെ അപമാനിച്ചു; ജേണലിസ്റ്റിന് തടവുശിക്ഷ

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്സ് സ്വർണ മെഡൽ സ്വീകരിക്കവേ ചൈനീസ് ദേശീയഗാനത്തിനിടെ കൊളോണിയൽ കാലഘട്ടത്തിലെ ഹോങ്കോംഗ് പതാക വീശിയതിനാണു 42കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്.

തനിക്ക് ഓട്ടിസവും, പഠന പ്രശ്നങ്ങളും ഉണ്ടെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും ല്യൂങ് ആവശ്യപ്പെട്ടു. ഹോങ്കോംഗ് ഫെൻസർ താരമായ എഡ്ഗർ ചിയുങ്ങിന്റെ മെഡൽ ചടങ്ങ് ഒരു ഷോപ്പിംഗ് മാളിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുമ്പോഴാണ് ല്യൂങ് കൊളോണിയൽ കാലഘട്ടത്തിലെ പതാക വീശിയത്.

ചൈനയെ പ്രതിനിധീകരിക്കാതെയാണ് ഹോങ്കോങ്ങ് ഒളിംപിക്സിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ് ഹോങ്കോങ് അത്‌ലറ്റിന് ഒളിമ്പിക്‌സ് മെഡൽ ദാന ചടങ്ങിൽ ചൈനീസ് ഗാനം ആലപിക്കുന്നത്. 1996-ൽ യുഎസിൽ വച്ച് നടന്ന അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ലീ ലൈ-ഷാൻ സ്വർണം നേടിയപ്പോൾ ഹോങ്കോങ്ങിന്റെ കൊളോണിയൽ പതാക ഉയർത്തിയിരുന്നു. 2019ൽ ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ നടന്നപ്പോൾ, കൊളോണിയൽ കാലഘട്ടത്തിലെ പതാക വീശി പ്രതിഷേധം നടന്നിരുന്നു. ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് 2021 ജൂലൈയിൽ ശിക്ഷാർഹമായ കുറ്റമാക്കി മാറ്റി.