ചൈനീസ് ചാരക്കപ്പൽ വൈകും; ഹംബൻതോട്ടയിൽ എത്തിയില്ലെന്ന് ശ്രീലങ്ക

കൊളംബോ: അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്താൻ വൈകും. ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് യാത്ര തുടർന്ന കപ്പൽ വ്യാഴാഴ്ച ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാൽ, കപ്പൽ നിശ്ചയിച്ച പ്രകാരം ഹംബൻതോട്ടയിൽ എത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ പോർട്ട്സ് അതോറിറ്റി (എസ്എൽപിഎ) അറിയിച്ചു.

കിഴക്കൻ ഹംബൻതോട്ടയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ എത്തിയ കപ്പൽ തുറമുഖത്തേക്കുള്ള പ്രവേശന പെർമിറ്റിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ജൂലൈ 12നാണ് ചൈനീസ് കപ്പലിന് ഹംബൻതോട്ടയിൽ പ്രവേശിക്കാൻ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് കപ്പലിന്റെ യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ സർക്കാർ കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്തയച്ചു. ചൈന ഈ ആവശ്യം നിരസിക്കുകയും കപ്പലിന്‍റെ യാത്ര തുടരുകയും ചെയ്തു.

ചൈനീസ് കമ്പനിക്ക് ഹംബൻതോട്ട തുറമുഖത്തിന്‍റെ ചുമതലയുണ്ടെന്നും കപ്പലിന്‍റെ ഗതി നിർണ്ണയിക്കുന്നതിനും പ്രവർത്തന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരാണ് ഉത്തരവാദികളാണെന്നും എസ്എൽപിഎ അറിയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുന്നത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പകർത്താനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്-5.