മൂർഖൻ കടിച്ചു; പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ
ഛത്തീസ്ഗഡ് : തന്നെ കടിച്ച പാമ്പിനെ ദേഷ്യത്തിൽ തിരിച്ച് കടിച്ച് എട്ട് വയസുകാരൻ. കടിച്ചുവെന്ന് പറഞ്ഞാൽ പോര, കടിച്ച് കൊന്നുവെന്ന് തന്നെ പറയാം.
ഛത്തീസ്ഗഡിൽ ആണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയിൽ ചുറ്റിപ്പിടിച്ചതിനെ തുടർന്ന് എട്ടുവയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ച് കൊല്ലുകയായിരുന്നു. ദീപക് തിങ്കളാഴ്ച വീടിന്‍റെ പിൻഭാഗത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മൂർഖൻ പാമ്പ് അവനെ കടിച്ചത്. കൈയിൽ ചുറ്റിയ ശേഷമാണ് അത് ദീപക്കിനെ കടിച്ചത്. പാമ്പിനെ കുടഞ്ഞു മാറ്റാൻ തന്നേകൊണ്ടാവുന്ന പോലെ അവൻ ശ്രമിച്ചു. എന്നാൽ പാമ്പ് ചുറ്റിയിടത്ത് നിന്ന് അനങ്ങിയില്ല.
“ഞാനതിനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചു. പക്ഷേ, അത് പോയില്ല. പിന്നെ രണ്ടു പ്രാവശ്യം കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു,” ദീപക് പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. “ഉടൻ തന്നെ ആന്‍റി-സ്നേക് വെനം നൽകി”. ഒരു ദിവസം മുഴുവൻ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ജെയിംസ് മിഞ്ച് പറഞ്ഞു. “പാമ്പ് കടിച്ചു, പക്ഷേ വിഷം അകത്തേക്ക് പോയില്ല. പാമ്പ് കടിയേറ്റതിന്‍റെ അസ്വസ്ഥതയും വേദനയും മാത്രമേ ദീപക്കിനുള്ളൂ,” പാമ്പ് വിദഗ്ധൻ ഖൈസർ ഹുസൈൻ പറഞ്ഞു.