ഇപിക്കെതിരായ പരാതി നേതാക്കള്‍ക്ക് മുന്നില്‍ എത്തിയത് 3 വര്‍ഷം മുമ്പ്

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നൽകിയ പരാതി മൂന്ന് വർഷം മുൻപേ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുമ്പാകെ എത്തിയിരുന്നു. വ്യവസായി കെ.പി രമേശ് കുമാർ 2019 ൽ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി നൽകിയിരുന്നു. ബിനീഷ് വിവാദം മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാൽ വിഷയം പാർട്ടിക്ക് മുന്നിൽ വന്നില്ല.

2019 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോ‍ടികള്‍ നഷ്ടമായെന്നും കാണിച്ച് കെ പി രമേഷ്കുമാര്‍ പരാതി നൽകിയിരുന്നു. ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്നങ്ങളുമായി വന്നതോടെ കോടിയേരിക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് രമേശ് കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കണ്ണൂർ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും അന്വേഷണം നടത്തി. അതേസമയം, രമേശ് കുമാറുമായി ഇ പി ജയരാജൻ ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയതിനാൽ തുടർ നീക്കമുണ്ടായില്ല. കോടിയേരിയുടെ അസുഖവും ചികിത്സക്കായി മാറിനിന്നതും തിരഞ്ഞെടുപ്പും വന്നതോടെ കാര്യങ്ങൾ വീണ്ടും വൈകി. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു തവണ പരാതി ഉയർന്നെങ്കിലും കൂടുതൽ ചർച്ച നടന്നില്ല.

കോടിയേരിയുടെ മരണശേഷം വിഷയത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരന്‍ മറുവഴി തേടിയത്. എം.വി ഗോവിന്ദൻ സെക്രട്ടറിയായതും എം.വി ഗോവിന്ദനുമായുള്ള ഇ.പിയുടെ അകൽച്ചയും വിഷയം ചൂടുപിടിപ്പിച്ചു. നേരത്തെ ലഭിച്ച പരാതി എന്തുകൊണ്ട് പാർട്ടിക്ക് മുന്നിൽ കൊണ്ടുവന്നില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ ഉത്തരം നൽകുമെന്നാണ് മറ്റ് നേതാക്കൾ കരുതുന്നത്.