‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല’

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ.എം. കോൺഗ്രസിലും അതിന്‍റെ തന്ത്രങ്ങളിലും അസംതൃപ്തരായ, കമ്മ്യൂണിസ്റ്റുകളും സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സോഷ്യലിസ്റ്റുകളും നിശ്ചയദാർഢ്യത്തോടെ പോരാടുകയും ആ പോരാട്ടത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സിപിഐഎം അതിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വീരേതിഹാസമാണ്. രാജ്യത്താകമാനം വ്യാപിച്ചുകിടന്ന ദേശസ്നേഹ പ്രവണതയിൽ നിന്ന് ഒരു വിഭാഗം മാത്രമേ അകന്നുനിന്നുള്ളൂ. അത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസാണെന്നും സിപിഐഎം കുറിപ്പിൽ പറയുന്നു.

എ.ഐ.ടി.യു.സി, എ.ഐ.കെ.എസ്, എ.ഐ.എസ്.എഫ്, പി.ഡബ്ല്യു.എ തുടങ്ങിയ വിവിധ വർഗ-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും അവയെ ശക്തിപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാർട്ടി സജീവ പങ്ക് വഹിക്കുകയും ഈ വേദികളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഈ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും പാർട്ടി ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.