ഇനിയൊരു വിഭാഗീയതക്ക് കോൺഗ്രസിന് ബാല്യമില്ല; തരൂരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. “ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. സംഘടനയിൽ എല്ലാവരെയും കൂടെനിർത്തും. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് ആരെയും ഒഴിവാക്കില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. യുഡിഎഫ് ശക്തിപ്പെടുമ്പോൾ ദുർബലപ്പെടുത്താൻ പല അജണ്ടയുമുണ്ടാകും. അതിനെ ഫലപ്രദമായി നേരിടും. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല.” -തരൂരിന്റെ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു തരൂരിന്റെ പേരു പരാമർശിക്കാതെ പ്രതിപക്ഷ നേതാവ് മറുപടി നൽകി.

കെപിസിസി പ്രസിഡന്റ് എഴുതാത്ത കത്ത് എഴുതി എന്നു മാധ്യമങ്ങളിൽ വാർത്ത വന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു എന്നും തെറ്റായ വാർത്ത നൽകി. കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.