“കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു”

ചിന്തൻ ശിബിരിനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണെന്നും പഠനക്യാമ്പുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളേയും അണികളേയും രാഷ്ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നൽകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: കോൺഗ്രസ് പതിയെ സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. നേതാക്കളേയും അണികളേയും രാഷ്ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നൽകിക്കൊണ്ടിരിക്കുന്ന കാഴ്ച നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. കേവലം പ്രാദേശിക നേതൃത്വത്തിൽ നിൽക്കുന്നവരല്ല കൊഴിഞ്ഞുപോകുന്നതത്രയും, എല്ലാം സംസ്ഥാന ദേശീയ തലത്തിലുള്ളവരാണ് എന്നതാണ് കഷ്ടം. പണാധിപത്യം കൊണ്ടും അധികാരം ഉപയോഗിച്ചും നേതാക്കളേയും എം.എൽ.എമാരേയും റാഞ്ചിയെടുക്കാൻ നിൽക്കുന്ന ബിജെപിയിലേക്ക് കോൺഗ്രസ് കൂട്ടത്തോടെ നീങ്ങുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടിരുന്ന ഈ പ്രതിഭാസം പതിയെ കേരളത്തിലും എത്തിത്തുടങ്ങി. ശൈലിയിലും പ്രവർത്തനത്തിലും കോൺഗ്രസ് സംഘപരിവാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ നാം കേരളത്തിൽ കാണുന്നത്. പഠനക്യാമ്പുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടു. ശിബിരം, ബൈഠക് തുടങ്ങിയവയെല്ലാം കേരളം കേട്ട് തുടങ്ങിയത് ആർ‌.എസ്.എസ്, സംഘപരിവാർ സംഘടനകളുടെ വരവോടെ ആയിരുന്നു. എന്നാൽ അത്തരം വാക്കുകളും ആർ.എസ്.എസ്സിൽ നിന്ന് കടമെടുക്കുകയാണ് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് “ശിബിരം’ കഴിഞ്ഞ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് കെ.പി.സി.സി “ശിബിരം” പ്രഖ്യാപിച്ചിരുക്കുകയാണ് കോൺഗ്രസ്.