മേയർ കത്ത് നൽകിയ വിവാദം; കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നിർദേശം.

ഈ മാസം ഒന്നിന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ചോർന്നതോടെയാണ് വിവാദമായത്. ‘സഖാവ്’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദാംശങ്ങൾ നൽകിയ ശേഷം ഇതിനായി ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർത്ഥിക്കുന്നു’. മേയർ ഒപ്പിട്ട കത്തിൽ എങ്ങനെ അപേക്ഷിക്കണം, അവസാന തീയതി എന്നിവയും അടങ്ങിയിരിക്കുന്നു. ഇതോടെ പ്രധാന തസ്തികകളിൽ നിന്ന് താൽക്കാലിക ഒഴിവുകളിലേക്ക് വരെ, തങ്ങളുടെ പ്രിയപ്പെട്ടവരെ സി.പി.എം കടത്തിവിടുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ.