ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് 6ന് നടക്കും
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മെയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ വൈകുന്നേരമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചാൾസിന്‍റെ ഭാര്യ കാമിലയും രാജപത്നിയായി അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ആദ്യത്തെ കിരീടാവകാശിയായ മൂത്ത മകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.
അതിനുശേഷം രാജാവിന്‍റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും, ആംഗ്ലിക്കൻ സഭയുടെ തലവൻ കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെടുകയും പരമാധികാരത്തിന്‍റെ പ്രതീകമായ ഇംപീരിയൽ കിരീടം അണിയുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. കോഹിനൂർ രത്നം അടങ്ങിയ കിരീടം കാമിലയ്ക്ക് ലഭിക്കും.
കാന്‍റർബറി ആർച്ച് ബിഷപ്പ് റവ.ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ നടക്കുക. രാജാവിനെ ആർച്ച് ബിഷപ്പ് തന്നെ കീരീടം അണിയിക്കും. 70 വർഷം മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.