മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ വിമര്‍ശനം; എന്റെ പേര് വന്നതില്‍ കാര്യമില്ല: കെ.വി തോമസ്
കൊച്ചി: സി.പി.ഐ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പോലും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതിനാൽ തന്‍റെ പേര് പരാമര്‍ശിച്ചതില്‍ വലിയ കാര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് വന്നതാണെന്ന സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തനിക്കെതിരായ പരാമര്‍ശത്തില്‍ വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിക്കെതിരെയടക്കം കുറ്റപ്പെടുത്തലുണ്ട്. അപ്പോള്‍ എന്റെ പേര് പരാമര്‍ശിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ട് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്’ – അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി തോമസിന്‍റെ വരവാണ് സി.പി.ഐ ഉയർത്തിക്കാട്ടുന്നത്. തോമസിന്‍റെ ഇടത് പ്രവേശം വിപരീത ഫലമുണ്ടാക്കിയെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ നേരിട്ട് നയിക്കാൻ ശക്തരായ ജനനേതാക്കൾക്ക് മാത്രമേ കഴിയൂവെന്നും പിണറായി വിജയന് അത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.