എലിസബത്ത് രാജ്ഞിയുടെ സംസ്കാരം; ചൈനയെ വിലക്കിയെന്ന് റിപ്പോർട്ട്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കായി ലണ്ടനിൽ എത്തിയ ചൈനീസ് സംഘത്തിന് പാർലമെന്‍റിനുള്ളിൽ അന്തിമോപചാരം അർപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചുവെന്ന് റിപ്പോർട്ട്. സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ വിമർശിച്ച ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങൾക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു.
പാർലമെന്‍റ് സമുച്ചയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ചൈനീസ് പ്രതിനിധി സംഘം രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിൽ ചില പാർലമെന്‍റ് അംഗങ്ങൾ ഇതേ തുടർന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ബ്രിട്ടൻ ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല.
വിദേശകാര്യ ഓഫിസുമായി സംസാരിച്ച ശേഷം ബക്കിംഗ്ഹാം കൊട്ടാരം അതിഥികളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ വക്താവ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ പ്രതികരിക്കുന്നില്ലെന്ന് ഹൗസ് ഓഫ് കോമൺസും പറഞ്ഞു. അതേസമയം, ഇക്കാര്യം അറിയില്ലെന്ന് ചൈന വ്യക്തമാക്കി.