അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ സമയത്ത്, അതിനെതിരെ ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ 47 വർഷം മുമ്പാണ് ആരംഭിച്ചത്. 19 മാസത്തിന് ശേഷമാണ് ഇന്ത്യ അത് മറികടന്നത്. എന്നിരുന്നാലും, ഇന്ന് നമ്മുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണിയിലാണ്. അതിനെതിരെ ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ പലപ്പോഴും കാണുന്നത്. ഈ കാലയളവിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു. ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും മാധ്യമ സ്ഥാപനങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു.